പ്രിയനന്ദനന്‍::Priyanandanan

ബാക്കി വെക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും ചെയ്യാനാണ്, ഞാന്‍ ശ്രമിക്കുന്നത്. ഓ, എന്തു ചെയ്തിട്ടെന്താ ലോകം നന്നാവില്ല എന്ന വിചാരമല്ല, നമുക്ക് മുന്‍പിലുണ്ടായിരുന്നവരുടെ വിയര്‍പ്പിന്‍റെ തണലിലാണ്, നാമിപ്പോള്‍ എന്ന് കരുതുക. 'മറക്കുടക്കുള്ളിലെ മഹാനരകം' കഴിഞ്ഞപ്പോള്‍ ഒരു കുടയാണ്, കീറിപ്പോയത്. കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല.

2010, മാർച്ച് 20, ശനിയാഴ്‌ച

ഞാന്‍

വാന്‍ഗോവ്  പറഞ്ഞിട്ടുണ്ട് മനുഷ്യന്റെ ദുര്യോഗങ്ങള്‍ പൊഴിയുന്ന പക്ഷിത്തൂവലുകള്‍ പോലെയാണെന്ന്. പൊഴിയുന്നത് പുതിയ തൂവലുകള്‍ക്ക് വേണ്ടിയാണെന്ന ബോധമുണ്ടെങ്കില്‍ ആ ആത്മവിശ്വാസം മതി നമുക്ക്. 'നെയ്ത്തുകാരന്‍' ചെയ്യുമ്പോള്‍ ആ ഇച്ഛാശക്തി മാത്രമായിരുന്നു എന്റെ കൂട്ട്. ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ്, (ഫിലിം പീപ്പ്‌ള്‍ ബാനര്‍) നെയ്ത്തുകാരന്‍ സാക്ഷാത്ക്കാരമായത്. അന്ന് എന്റെ വീട് ഓലപ്പുരയായിരുന്നു. നാഷണല്‍ അവാര്‍ഡ് കിട്ടിയ 'പുലിജന്‍മ'ത്തിന്, ശേഷം ഇപ്പോള്‍ കുറച്ചുകൂടി ഭേദപ്പെട്ട വീട് വച്ചു. പുതിയ ചിത്രം 'സൂഫി പറഞ്ഞ കഥ'യോടെ ജീവിതം മാറുന്നില്ല. സിനിമയുടെ ഓരം ചേര്‍ന്നു പോകുന്ന ഒരാള്‍ മാത്രമാണ്, ഞാന്‍.

ഏഴാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ഞാന്‍ ചലച്ചിത്രകാരനായതിന്, പിന്നില്‍ ഒരുപാട് അലച്ചിലുകളുണ്ട്. വല്ലച്ചിറ ഗ്രാമമുണ്ട്; 49 വര്‍ഷമായി അവിടെ നടക്കുന്ന നാടന്‍ ഉല്‍സവങ്ങളുണ്ട്; ജോസ് ചിറമ്മലിനേയും മറ്റും ഞങ്ങളുടെ നാട്ടിലേക്ക് വരുത്തി പരീക്ഷണങ്ങള്‍ക്ക് എടുത്തു ചാടിയ നാടക പശ്ചാത്തലമുണ്ട്. പിന്നെ ഒരുപാടൊരുപാട് നാടകങ്ങള്‍ സ്വന്തം സംവിധാനത്തില്‍ ചെറുതും വലുതുമായി ചെയ്ത കാലമുണ്ട്. ജൂലിയസ് സീസര്‍, ബഷീറിന്‍റെ പ്രേമലേഖനം, ജോയ് മാത്യുവിന്‍റെ സങ്കടല്‍..അങ്ങനെ എത്രയോ നാടകങ്ങൾ!'മുദ്രാരാക്ഷസം' ഞങ്ങള്‍ ഡല്‍ഹിയില്‍ അവതരിപ്പിക്കുമ്പോള്‍ വല്ലച്ചിറയിലെ തൊഴിലാളികളായിരുന്നു അഭിനേതാക്കള്‍.

ഒരിക്കല്‍ അടുത്തുള്ള ഗ്രാമത്തില്‍ നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ പോയി. നാട്ടുമ്പുറത്തെ ഒരു പറമ്പിലാണ്, അവതരണം. ഇടക്ക് മൂത്രമൊഴിക്കാന്‍ പോയ ഞാന്‍ കുപ്പിച്ചില്ല്, നിറഞ്ഞ കുഴിയില്‍ വീണു. കര കയറിയെന്ന് കരുതിയ അപകടം പിന്നേയും എന്‍റെ തലയില്‍ വീണു അഥവാ വീണുകൊണ്ടിരുന്നു. അപകടങ്ങളുടെ ഒരു തുടരന്‍. വീട്ടില്‍ എല്ലാവരും പറഞ്ഞു ജ്യോല്‍സരെക്കൊണ്ട് പ്രശ്‌നം വയ്‌പ്പിക്കാന്‍. ചെറുപ്പത്തിലേ മരിച്ച അച്ഛന്‍റെ ആത്മാവ് ഗതി കിട്ടാതെ അലയുകയായിരിക്കുമെന്നൊക്കെ പറച്ചിലുണ്ടായി. ഞാന്‍ പറഞ്ഞു അച്ഛന്‍ അങ്ങനെ നടക്കട്ടെ. ഞാനും ഇങ്ങനെയൊക്കെ നടന്നോട്ടെ. അന്ധവിശ്വാസങ്ങളെന്നു കരുതപ്പെടുന്നവക്ക് എന്നെ ഒന്നും ചെയ്യാനാവില്ലെന്നേ ഞാന്‍ കരുതുന്നുള്ളൂ. അവ പക്ഷെ ഒരു ദേശത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്. നാടകമെന്നതു പോലെ തന്നെ.

നാടകം മരിച്ചിട്ടൊന്നുമില്ല. അത് അതിജീവനത്തിന്‍റെ പാതയിലാണ്. ത്രിശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോല്‍വസത്തില്‍ കാണികള്‍ക്ക് ഒട്ടും കുറവില്ലായിരുന്നു. പലയിടങ്ങളില്‍ നിന്നും വന്ന നാടകപ്രവര്‍ത്തകര്‍ പറഞ്ഞത് അവരുടെ ഗവണ്‍മെന്‍റ്, ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായമടക്കം അകമഴിഞ്ഞ പ്രോല്‍സാഹനം നല്‍കുന്നെന്നാണ്. നമ്മുടെ നാടകരംഗത്ത് അത്തരമൊരു സ്ഥിതിയാണോ ഉള്ളത്? അധികാരത്തിന്‍റെ അനുഗ്രഹം ഇല്ലാതിരിക്കുമ്പോഴും നാടകപ്രേമികളുടെ ഇച്ഛാശക്തി അതിന്‍റെ തനത് ഊര്‍ജ്ജം കാട്ടുമെന്നതിന്‍റെ തെളിവാണ്, കുവൈറ്റിലെ 'ഫ്യൂച്ചര്‍ ഐ തീയറ്റര്‍'. 'ഫ്യൂച്ചര്‍ ഐ' പ്രവര്‍ത്തകര്‍ നടത്തിയ നാടകപരിശീലനകളരിക്കിടെ ഒരാള്‍ എന്നോട് ചോദിച്ചു: എന്തുകൊണ്ട് നാടകരം‌ഗത്ത് നിന്നും സിനിമയിലേക്ക് നടീനടന്മാർ വരുന്നില്ല? അങ്ങനെ ചോദിച്ചാൽ ഞാനെന്തു പറയാനാണ്? സിനിമയിലേക്ക് വരാനുള്ള വാതിലാണോ നാടകം‌? രണ്ടും രണ്ടാണ്.

നെയ്ത്തുകാരനായിരുന്നില്ല ആദ്യചിത്രമായി മനസിലുണ്ടായിരുന്നത്. വൈശാഖന്‍റെ 'സമയം കടന്ന്' എന്ന ചെറുകഥയായിരുന്നു എന്‍റെ സ്വപ്‌നം. കഥകള്‍ക്കൊന്നും ക്ഷാമമില്ല. 'ഭുജംഗയ്യന്‍റെ ദശാവതാരങ്ങള്‍' ആണ്, ഈയിടെ വീണ്ടും വായിച്ചത്. അത് സിനിമയാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അംബികാസുതന്‍ മാങ്ങാടിന്‍റെ തെയ്യക്കോലത്തെക്കുറിച്ചുള്ളൊരു കഥ ചെയ്യണമെന്നുണ്ട്. സിനിമക്ക് പറ്റിയ കഥയില്ലെന്ന് പറയുന്നത് ശരിയല്ല. എഴുത്തുകാര്‍ക്കും കുറവില്ല. ഇപ്പോഴത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കാത്തിരിക്കാന്‍ ക്ഷമയില്ലെന്ന കുറവേയുള്ളൂ.

ബാക്കി വെക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും ചെയ്യാനാണ്, ഞാന്‍ ശ്രമിക്കുന്നത്. ഓ, എന്തു ചെയ്തിട്ടെന്താ ലോകം നന്നാവില്ല എന്ന വിചാരമല്ല, നമുക്ക് മുന്‍പിലുണ്ടായിരുന്നവരുടെ വിയര്‍പ്പിന്‍റെ തണലിലാണ്, നാമിപ്പോള്‍ എന്ന് കരുതുക. 'മറക്കുടക്കുള്ളിലെ മഹാനരകം' കഴിഞ്ഞപ്പോള്‍ ഒരു കുടയാണ്, കീറിപ്പോയത്. കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല.
(courtesy:http://varthapradakshinam.blogspot.com/2010/02/blog-post_05.html)

18 അഭിപ്രായങ്ങൾ:

ShajiKumar P V പറഞ്ഞു...

നിലപാടുകളുടെ നടപ്പുകാരന്‍ ..
ഓര്‍മ്മപ്പെടുത്തുന്നു ..

Jini Jose പറഞ്ഞു...

എനിക്ക് തോന്നുന്നത് ഇനി ഇവിഎ ഒന്നും ചെയ്യാനില്ല എന്നാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍...അത് മാത്രമാണ് ഇപ്പൊ ഇവിടെ നടക്കുന്നത്.

Sudhi|I|സുധീ പറഞ്ഞു...

നല്ല മരങ്ങള്‍ വളരാന്‍ നല്ല മണ്ണ് ഉണ്ടാകട്ടെ... :)

T.S.NADEER പറഞ്ഞു...

കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല....

അജ്ഞാതന്‍ പറഞ്ഞു...

A canopy n ur dream s not da last words n‘.... expectations…
Plant the trees…nd stop boasting
Plant the trees ……
Plant the trees……..
‘cause it’s the most tedious thing n our whole life
Thanal viriyunnathum kathu

Panikkoorkka പറഞ്ഞു...

കലാകാരന് തണല് നടട്ടെ.. അതില് നിന്ന് മരം മുളയ്ക്കട്ടെ....പ്രത്യേകിച്ച് പ്രിയനെപ്പോലെ അനുഭവങ്ങളുള്ള കലാകാരന്..

Sureshkumar Punjhayil പറഞ്ഞു...

Best wishes...!!!!

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

കഴിഞ്ഞ ആഴ്ചയില്‍ നമ്മള്‍ കണ്ട് പിരിഞ്ഞതിന് ശേഷമാണ്
ഇവിടെ എത്തിപ്പെടുന്നത്
ഇതും ഒരു കാഴ്ചക്ക് വഴിമരുന്നിടട്ടെ....

Manoraj പറഞ്ഞു...

താങ്കൾ പറഞ്ഞത് ശരിയാണ്. നല്ല നാടകങ്ങൾ മരിക്കുന്നില്ല.. പക്ഷെ, നല്ല നാടക സംഘങ്ങൾ ഉയരുന്നില്ല.. പലതും ഏച്ചുകൂട്ടപ്പെടുന്നു.. അല്ലെങ്കിൽ നല്ലരീതിയിൽ വരണമെന്ന് ആഗ്രഹിക്കുന്നവ മറ്റുപല സാഹചര്യങ്ങൾ കൊണ്ടും തളർന്ന് പോകുന്നു. .സലിംകുമാർ ഏതോ ഒരു അഭിമുഖത്തിൽ പറഞ്ഞപോലെ നാടകത്തിൽ ഇൻവെസ്റ്റ് ചെയുന്നവം മണ്ടൻ എന്നൊരു കാഴ്ചപാടായി ഇന്ന് ഇവിടെ.. എന്നിട്ട് നമ്മൾ ബംഗാളിയുടേയും മറ്റും നാടകങ്ങൾ കണ്ട് വെള്ളമിറക്കി ഇരിക്കും.. അതുപോലെ തന്നെ സിനിമ.. നല്ല രചനകൾ ഇന്നും മലയാള സാഹിത്യത്തിൽ ഉണ്ട്.. ഈയിടെ വായിച്ച നല്ലൊരു രചനയായിരുന്നു ബെന്യാമിന്റെ ആടുജീവിതം.. അതുപോലെ ഒത്തിരി ഒത്തിരി. പക്ഷെ നമ്മുടെ സംവിധായകർ..അല്ലെങ്കിൽ നിർമ്മാതാക്കൾ സൂപ്പർ താരങ്ങൾക്ക് പിന്നാലെ പായുകയാണ്. ഒരു പരിധിവരെ മലയാളിയുടെ മാറിയ സങ്കൽ‌പ്പങ്ങൾ തന്നെ ഇതിനൊക്കെ കാരണം.

Nat പറഞ്ഞു...

സൂഫി പറഞ്ഞ കഥ കണ്ടു. ഇഷ്ടമായി.

Sanal Kumar Sasidharan പറഞ്ഞു...

കലാകാരൻ തണൽ നടട്ടെ
അതിൽ നിന്നും മരം മുളയ്ക്കട്ടെ

ശിവകുമാർ അമ്പലപ്പുഴയുടെ ഈ കമെന്റിന് എന്തൊരാഴമാണ്!!
പ്രിയനന്ദനനും ഒരുതണൽ നടാൻ കഴിയുമെങ്കിൽ!!

Rainbow പറഞ്ഞു...

താങ്കള്‍ നടുന്ന മരങ്ങള്‍ വളര്‍ന് പന്തലിച്ചു ഒരുപാട് പേര്‍ക്ക് തണലേകാന്‍ ഇടയാകട്ടെ .
ആശംസകള്‍ ..

അജ്ഞാതന്‍ പറഞ്ഞു...

താങ്കളുടെ ബ്ലോഗ് ഇപ്പോഴാണ് കണ്ടത്. താങ്കളിലെ ജ്ഞാനശക്തി , ഇച്ഛാശക്തിയിലൂടെ ക്രിയാശക്തിയിലേക്കെത്തട്ടെ എന്ന് ആശംസിക്കുന്നു.താങ്കളുടെ സിനിമകളൊന്നും കാണാന്‍ സാധിച്ചിട്ടില്ല. ഒരു അഭിമുഖം കണ്ടിരുന്നു.

നാടകം ഇഷ്ടപ്പെടുന്ന ധാരാളം പേര്‍ ഉണ്ട്. പക്ഷേ സ്റ്റേജ് സെറ്റിംഗുകള്‍ കൂടുതലുള്ളത് കാണുന്നതിനേക്കാള്‍ നല്ലത് സിനിമയാണ് എന്നു തോന്നിയിട്ടുണ്ട്.

വാക്കുകളിലെ ശുഭപ്രതീക്ഷ സന്തോഷം നല്‍കുന്നു. ഇനിയും ബ്ലോഗു വഴി കാണാം.

Anil cheleri kumaran പറഞ്ഞു...

ഇനിയുമിനിയും നല്ല സിനിമകള്‍ക്ക് വഴി കാട്ടിയാവട്ടെ.

Unknown പറഞ്ഞു...

''കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല.''...... അതെ എല്ലാവരും ഇതുപോലെ ഒക്കെ ചിന്തിച്ചിരുന്നെങ്കില്‍...

സമയം കിട്ടുമ്പോള്‍ ഒന്ന് നോക്കൂ......
http://linudsign.blogspot.com/

Mohamed Salahudheen പറഞ്ഞു...

ഭാവുകങ്ങള്

മര്‍ത്ത്യന്‍ പറഞ്ഞു...

എന്തിനൊരു സിനിമയെടുക്കുന്നു എന്നതിന് പലര്‍ക്കും പല കാരണമാവും. എങ്കിലും ഒരു കാരണം കാണാതിരിക്കില്ല. പ്രേക്ഷകന്‍ ആ കാരണം തിരഞ്ഞാണോ പടം കാണുന്നത് എന്നറിയില്ല. പക്ഷെ കണ്ടിറങ്ങുമ്പോള്‍ പലപ്പോഴും അവര്‍ ആ കാരണത്തിന്റെ തൊട്ടടുത്തൊക്കെ എത്തിപെടുമായിരിക്കും.

നെയ്തുകാരന്‍ കണ്ടിരുന്നു, ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല അത് ജനങ്ങളോട് പറയേണ്ട കഥയാണെന്ന് ഉറച്ച വിശ്വാസത്തോടെ ആരോ എടുത്തതാണെന്നും തോന്നി. അണിയറയിലെ പേരുകള്‍ ഓര്‍മ്മ നിന്നില്ല എന്തോ അന്വേഷിച്ചും പോയില്ല, പക്ഷെ ഇപ്പോള്‍ അറിയാം അതിന്റെ ശില്പിയെ, സൂഫി പറഞ്ഞ കഥ തിര്‍ച്ചയായും കാണണം...

ജീവി കരിവെള്ളൂർ പറഞ്ഞു...

പൊഴിയുന്നത് പുതിയ തൂവലുകള്‍ക്ക് വേണ്ടിയാണെന്ന ബോധമുണ്ടെങ്കില്‍ ആ ആത്മവിശ്വാസം മതി നമുക്ക് .ഈ വിശ്വാസമുണ്ടെങ്കില്‍ നമുക്ക് തളര്‍ന്നിരിക്കാന്‍ കഴിയില്ല .പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും .

നെയ്ത്തുകാരന്‍ കണ്ടിരുന്നു .സ്വന്തം നാട്ടില്‍ അപ്പ മേസ്ത്രിയെ പോലുള്ളവരെ കുറിച്ച് കേട്ടിട്ടുണ്ട് ചിലരെ കണ്ടിട്ടുമുണ്ട് .നെയ്ത്തുകാരന്‍ നല്ലൊരനുഭവമാണ് നല്‍കിയത് .പിന്നീട് വന്ന സിനിമകള്‍ കാണാന്‍ സാധിച്ചില്ല .താങ്കള്‍ക്കിനിയും നല്ല സൃഷ്ടികളൊരുക്കാന്‍ കഴിയട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ